എടപ്പാള്‍: പ്രവാസിയായ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ ബന്ധുക്കള്‍. അവസാനം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റൈന് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിച്ചു.
വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നല്‍കിയില്ലെന്ന് യുവാവ് പറഞ്ഞു. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റുകയായിരുന്നു.