തിരുവനന്തപുരം : കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പ്രവാസികളെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ ആന്റിബോഡി പരിശോധന നടത്തും. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നുമുതല്‍ ആന്റിബോഡി പരിശോധന.
സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പ്രധാനമായും പരിശോധന. യുഎഇയില്‍ പരിസോധനയുള്ളതിനാല്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയാകും. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ രാത്രി തന്നെ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ആന്റിബോഡി പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ കൊറോണ സ്ഥിരീകരണത്തിനായി പിസിആര്‍ പരിശോധന കൂടി നടത്തും. അതേസമയം ഫലം നെഗറ്റീവ് ആകുന്നവരും 14 ദിവസം കര്‍ശനമായ ഹോം ക്വാറന്റൈന്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പരിശോധനയ്ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 16 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു മണിക്കൂറില്‍ 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്. പരിശോധനാസമയം കഴിഞ്ഞു മാത്രമേ യാത്രക്കാരെ പുറത്തുവിടൂ.
ഇന്ന് നെടുമ്പാശ്ശേരിയില്‍ 23 വിമാനങ്ങളിലായി 4320 പ്രവാസികളാണ് എത്തുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.