അഴിമതി ആരോപണങ്ങൾ; ലോക് ജനശക്തി പാർട്ടി കേരളാ ഘടകം കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടേക്കും

ന്യൂഡെൽഹി: എൻഡിഎ യുടെ ഘടക കക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ കേരളാ ഘടകം കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടേക്കും. അഴിമതി ആരോപണങ്ങളെ തുടർന്ന് നിരവധി നേതാക്കൾ നിരീക്ഷണത്തിലാണ്. പാർട്ടി ദേശീയ നേതൃത്വം പിരിച്ചുവിട്ട തൊഴിലാളി നേതാവിനെ എറണാകുളം ജില്ലാ പ്രസിഡൻറ് ആക്കിയതുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളാണ് പാർട്ടി കേരളാ ഘടകം പിരിച്ചുവിടാൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

പാർട്ടി എറണാകുളം ജില്ലാ പ്രസിഡൻ്റ് ലെനിൻ മാത്യൂവിനെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മെംബർ സ്ഥാനത്ത് നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു. അർഹത ഇല്ലാത്തവരും അഴിമതിക്കാരുമായ നിരവധി ആളുകൾ ബോർഡ് മെംബർ സ്ഥാനത്തുണ്ടെന്ന് നിരവധി പരാതികൾ ഇതിനകം ഉയർന്നു കഴിഞ്ഞു.

അഴിമതി മറയ്ക്കാൻ ചില നേതാക്കൾ പോലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് സൗജന്യ കിറ്റുകളും മറ്റും നൽകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.

അതേ സമയം, കൂടുതൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിച്ചു.
ചിട്ടി തട്ടിപ്പിൽ പെട്ടവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും പാർട്ടിയിലേക്ക് നുഴഞ്ഞു കയറിയത് പാർട്ടിയുടെ സൽപ്പേര് നഷ്ടമാക്കിയെന്ന് നേതൃത്വം വിലയിരുത്തുന്നു.അഴിമതി ആരോപണങ്ങളേയും പരാതികളേയും തുടർന്ന് കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം എൽ.ജെ പി നേതാക്കൾക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എടുത്ത എൽ ജെ പി നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഒരാളിൽ നിന്നും 50,000 – 1,50,000 രൂപ വീതം ആയിരക്കണക്കിന് ആളുകളിൽ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് മറ്റൊരു നേതാവ് 35 ലക്ഷം രൂപം വീതം തട്ടിയെടുത്തതായാണ് മറ്റൊരു ആക്ഷേപം. ഇയാൾ വയനാട്ടിലെ റിസോർട്ടിൽ റിയൽ എസ്‌റ്റേറ്റ് ഇടപാട് നടത്തി പണം തട്ടിയതായുള്ള പരാതി പോലീസും കേന്ദ്ര നേതൃത്വവും അന്വേഷിച്ച് വരികയാണ്.

രാംവിലാസ് പസ്വാന്റെ പാർട്ടിയിലെ കേരള നേതാക്കളിൽ മിക്കവരും ബിജെപി പശ്ചാത്തലമുള്ളവരാണ്. ബിജെപിയുടെ മുൻകാല നേതാക്കൾ തന്നെയാണ് നിലവിൽ ലോക്ജനശക്തി പാർട്ടിയെ നയിക്കുന്നതും. ബിജെപിയിൽ നിന്നും പിണങ്ങി വരുന്നവരിൽ ഭൂരിഭാഗവും ചേക്കേറുന്നതും എൽജെപിയിലേക്കാണ്. എന്നാൽ ക്രിമിനലുകളും അഴിമതിക്കാരും തലപ്പത്ത് ഉള്ളതുകൊണ്ട് പലരും പാർട്ടിയിലേക്ക് വരാൻ മടിക്കുകയാണ്.