ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തിയത് കളിത്തോക്ക് ചൂണ്ടി; പ്രതി പിടിയില്‍

ആലപ്പുഴ: വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം ആലപ്പുഴ കോൺവെന്‍റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെയാണ് കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇരവ്കാട് സ്വദേശി ഫിറോസാണ് പിടിയിലായത്. വിദേശത്ത് പോകാൻ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് ഇത്തരത്തില്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് ഫിറോസ് പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ലില്ലി കോശിയെ ഫിറോസ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു‌. 86 കാരി ലില്ലി കോശിയും വേലക്കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാസ്‍ക്കും ഹെൽമെറ്റും ധരിച്ച് ബൈക്കിൽ എത്തിയ യുവാവ് വീടിന്‍റെ കോളിംഗ് ബെല്‍ അടിച്ചു. കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നും വാതില്‍ തുറക്കാനും ഇയാള്‍ ആവശ്യപ്പെട്ടു തുടര്‍ന്ന് കളിത്തോക്ക് ചൂണ്ടി ലില്ലി കോശിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണമോ സ്വർണമോ ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞാണ് അജ്ഞാതൻ മടങ്ങിയത്‌.