ഇടുക്കി: ബിജെപി ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി വിജയകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭ കൗൺസിലർ ഗോപാലകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. നടപടി ഉണ്ടായില്ലെങ്കിൽ കൗൺസിലർ പദവി രാജിവയ്ക്കുമെന്നാണ് ഗോപാലകൃഷ്ണന്റെ ഭീഷണി.
ബിജെപി ജില്ലാ സെക്രട്ടറിയായ വിജയകുമാർ തന്നെ വകവരുത്താൻ ശ്രമിക്കുന്നുവെന്നാണ് ഗോപാലകൃഷ്ണന്റെ ആരോപണം. ഇരുവരും അയൽക്കാരാണ്. വിജയകുമാർ വീട്ടിൽ നിന്നുള്ള മലിനജലം തന്റെ പറമ്പിലേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. ഒരുമാസമായിട്ടും നടപടിയുണ്ടാകാത്തതിനാൽ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. ഇതോടെ വിജയകുമാർ വധഭീഷണി തുടങ്ങിയെന്ന് ഗോപാലകൃഷ്ണൻ.
ഇടുക്കി ജില്ല പ്രസിഡന്റ് കെഎസ് അജിയുടെ അടുത്ത ആളായതിനാലാണ് വിജയകുമാറിനെതിരെ നടപടി ഉണ്ടാകാത്തതെന്നാണ് ഗോപാലകൃഷ്ണന്റെ ആരോപണം. രാജി തീരുമാനത്തിൽ തൊടുപുഴ നഗരസഭയിലെ ബിജെപിയുടെ ഏഴ് അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും കള്ളപ്പരാതിയെ കുറിച്ച് പരസ്യപ്രതികരണത്തില്ലെന്നും വിജയകുമാർ അറിയിച്ചു. പ്രശ്നത്തിൽ ബിജെപി ജില്ല നേതൃത്വം ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.