വരവില്ല; ശ്രീപദ്മനാഭ ക്ഷേത്രം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ലക്ഷം കോടിയുടെ സ്വത്ത് കൈവശമുണ്ടെങ്കിലും, ലോക്ക് ഡൗണ്‍ മൂലം വരുമാനം ഇടിഞ്ഞതോടെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് സഹായം തേടുന്നു. പ്രതിമാസ ചെലവുകള്‍ കൂട്ടിമുട്ടിക്കാനാവാത്ത സാഹചര്യത്തിലാണ് രാജകുടുംബത്തിനു നിയന്ത്രണമുള്ള ക്ഷേത്ര ട്രസ്റ്റില്‍നിന്നു സഹായം തേടാന്‍ ക്ഷേത്ര നടത്തിപ്പുകാര്‍ തീരുമാനിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 24ന് തുടങ്ങിയ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞയാഴ്ച ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതിയായെങ്കിലും തത്കാലം തല്‍സ്ഥിതി തുടരാനാണ് ശ്രീപദ്മനാഭ ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചത്. ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിന് പ്രതിമാസം ഒന്നര കോടി രൂപയോളമാണ് വേണ്ടത്. ഒരു കോടി ശമ്പളം നല്‍കാനും ശേഷിച്ച തുക സാധാനങ്ങള്‍ വാങ്ങുന്നതിനും ഓഫിസ് ചെലവുകള്‍ക്കും. വരുമാനത്തില്‍നിന്നു നേരത്തെയുണ്ടായ നീക്കിയിരിപ്പു തുക കൊണ്ടാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്ന് എക്‌സിക്യുട്ടിവ് ഓഫിസര്‍ വി രതീശന്‍ പറഞ്ഞു.

വരുമാനം പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുപോവും എന്നതില്‍ ഈ മാസം അവസാനം ചേരുന്ന ഭരണ സമിതി തീരുമാനമെടുക്കും. ക്ഷേത്ര ഭരണത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ശ്രീപദ്മനാഭ സ്വാമി ടെംപിള്‍ ട്രസ്റ്റില്‍നിന്നു സഹായം തേടുകയാണ് ഭരണസമിതിക്കു മുന്നിലുള്ള ഒരു വഴി. ക്ഷേത്രത്തിന്റെ ഉടമാവകാശ കേസ് നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സുപ്രീം കോടതി നിയോഗിച്ച, ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.

ക്ഷേത്ര ഭരണത്തിനായാണ് ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ ടെംപിള്‍ ട്രസ്റ്റ് സ്ഥാപിച്ചത്. ക്ഷേത്ര ഭരണത്തിനു പണം കണ്ടെത്താന്‍ ക്ഷേത്രത്തിന്റെ പല സ്വത്തുവകകളും ട്രസ്റ്റിന്റെ ഉടമസ്ഥതയിലേക്കു
മാറ്റിയിരുന്നു. കല്യാണ മണ്ഡപങ്ങള്‍, ലോഡ്, ഡോര്‍മിറ്ററി, കടമുറികള്‍ തുടങ്ങിയ സ്വത്തുക്കളില്‍നിന്നുള്ള വരുമാനം ട്രസ്റ്റിനാണ് ലഭിക്കുന്നത്. നിലവില്‍ അഞ്ചു ലക്ഷം രൂപയാണ് ട്രസ്റ്റ് ക്ഷേത്രത്തിനു നല്‍കുന്നത്. ഇത് 25 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടാനാണ് ഭരണ സമിതി ആലോചിക്കുന്നത്.

വാര്‍ഷിക ഗ്രാന്‍ഡ് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും സമിതി ആലോചിക്കുന്നുണ്ട്. വാര്‍ഷിക ഗ്രാന്‍ഡ് ഇരുപതു ലക്ഷത്തില്‍നിന്ന് രണ്ടു കോടിയാക്കാന്‍ നിയമസഭാ സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിക്കണമെന്നാണ് ക്ഷേത ഭരണ സമിതി ആവശ്യപ്പെടുക.