തിരുവനന്തപുരം: നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത മുരുകേശന് കൊറോണ ഇല്ലെന്ന് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത നെടുമങ്ങാട് സ്വദേശി മുരുകേശ (38)നാണ് കൊറോണ ഇല്ലെന്ന് പരിശോധന ഫലം വന്നത്. ബുധനാഴ്ച വൈകീട്ടോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
മദ്യലഹരിയില്‍ വീണനിലയില്‍ കാണപ്പെട്ട ഇയാളെ ബുധനാഴ്ച പുലർച്ചെ 12.24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തിടെ തമിഴ്‌നാട്ടില്‍ നിന്നും വന്നത് കാരണം കൊറോണ സംശയിച്ച് ഐസൊലേഷന്‍ മുറിയിലാണ് ചികിത്സിച്ചത്. തലയില്‍ ചെറിയൊരു മുറിവല്ലാതെ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
രാവിലെയായതോടെ മദ്യപാനം മൂലമുണ്ടായിരുന്ന അവശതകളെല്ലാം മാറി പൂര്‍ണ ആരോഗ്യവാനായിരുന്നു മുരുകേശൻ. മദ്യാസക്തിയ്ക്കായുള്ള ചികിത്സയും മറ്റ് പരിചരണങ്ങളും നല്‍കി. കൊറോണ പരിശോധനയ്ക്കായി സ്രവം ലാബിലേക്കയച്ചു. വൈകുന്നേരവും ഡോക്ടര്‍മാരും നഴ്‌സുമാരും ഇദ്ദേഹത്തെ കണ്ടിരുന്നു. മറ്റേതു തരത്തിലുള്ള ബുദ്ധിമുട്ടുകളും രോഗിയില്‍ കണ്ടിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നഴ്‌സിംഗ് സ്റ്റേഷന്‍റെ അടുത്തുള്ള മുറികൂടിയായതിനാല്‍ എല്ലാ വിവരങ്ങളും ഉടന്‍ തന്നെ അറിഞ്ഞിരുന്നു. വൈകുന്നേരം 4.50 ഓടെ മുറി അകത്ത് നിന്നും കുറ്റിയിട്ട നിലയിലാണ് കണ്ടത്. പല പ്രാവശ്യം വിളിച്ചിട്ടും അനക്കമില്ലാതായതോടെ മുറി തള്ളിത്തുറക്കുകയായിരുന്നു. ആത്മഹത്യാ ശ്രമം നടത്തിയതായി കണ്ട ഉടനെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ഇയാളെ ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. എന്നാൽ, വൈകുന്നേരം 6.50 ഓടെ മുരുകേശൻ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.