കല്‍പ്പറ്റ: മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോ നിറയെ ആണി വിതറി അജ്ഞാതന്‍. തിങ്കളാഴ്ച രാവിലെയാണ് മാനന്തവാടിയിലെ കെഎസ്ആര്‍ടിസി സ്റ്റാന്റ് മുഴുവൻ അജ്ഞാതന്‍ ആണി വിതറി കുളമാക്കിയത്. അതിനാൽ തന്നെ ജീവനക്കാർ ആദ്യം ചെയ്തത് ആണി പെറുക്കി കളയുകയായിരുന്നു. നൂറുകണക്കിന് ആണികള്‍ സ്റ്റാന്‍ഡില്‍ ആര് കൊണ്ടിട്ടുവെന്ന് ഇനിയും വ്യക്തതയായിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസങ്ങളിലൊന്നും ആണികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
രാവിലെ സര്‍വ്വീസ് പോകാനായി എത്തിയ ബസ് ജീവനക്കാരില്‍ ആരോ ഒരാള്‍ ടയറിന് സമീപം ആണികള്‍ കിടക്കുന്നതാണ് കണ്ടത്. ഇവ പെറുക്കി മാറ്റുന്നതിനിടെയാണ് മറ്റ് സ്ഥലങ്ങളിലും ആണികൾ വിതറിയിതായി ശ്രദ്ധയിൽപ്പെട്ടത്. ബസ് ബേകള്‍ മുഴുവനായി ഇരുമ്പ് ആണികള്‍ വിതറിയിട്ടിരുന്നു സാമൂഹ്യവിരുദ്ധർ. ഇതോടെ ആണി കയറി ടയര്‍ പഞ്ചറായി സര്‍വീസ് മുടങ്ങാതിരിക്കാന്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ചേര്‍ന്ന് മുഴുവന്‍ ആണികളും പെറുക്കിമാറ്റി.
തിങ്കളാഴ്ച മാനന്തവാടി ഡിപ്പോയില്‍നിന്ന് മറ്റുജില്ലകളിലേക്കുള്പ്പെടെ 30 ഷെഡ്യൂളുകളാണ് നടത്തിയത്. ആണി പെറുക്കി കളഞ്ഞതോടെ എല്ലാ ഷെഡ്യൂകളുടെയും സമയക്രമത്തിലും മാറ്റം വന്നു.