ദുബായ്: ലോക്ക്ഡൗണിൽ പ്രവാസി ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് നിതിൻ (28) മരിച്ചു. ഒരു മാസം മുമ്പ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തിൽ മെയ് ഏഴിന് ആതിര നാട്ടിലെത്തിയിരുന്നു. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്ന് പറയുന്നു. ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ എന്‍ജിനീയറായ നിഥിൻ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്‍റെ യുഎഇയിലെ കോ ഓർഡിനേറ്ററായ ഇദ്ദേഹത്തിന്റെ ഫെയസ്ബുക്ക് പ്രൊഫൈലിലെ പേര് ‘നിഥിൻ സി ഒ പോസിറ്റീവെ’ന്നാണ്. കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകരിലൊരാളുമായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 25 മുതൽ നിർത്തിവച്ചതിനെ തുടർന്ന് ജൂലൈ ആദ്യവാരമാണ് പ്രസവത്തിനായി നാട്ടിലെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആതിര (27) സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയിൽ ആതിരയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിര ഏഴ് മാസം ഗർഭിണിയായിരുന്നു.
ബന്ധുക്കളെ പരിചരണം കിട്ടാൻ വേണ്ടിയാണ് പ്രസവത്തിനായി നാട്ടിലേയ്ക്ക് പോകാൻ ആവശ്യമുന്നയിച്ചതെന്നാണ് അന്ന് നിഥിൻ പറഞ്ഞത്. ഇതിനായി ഇൻകാസ് യൂത്ത് വിങ്ങിന്‍റെ നേതൃത്വത്തിൽ സുപ്രീം കോടതിയെ സമീപിക്കുകയും ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്റെ മകനാണ്. ദുബായ് റാഷിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം കൊറോണ പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.