എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂൺ 30 വരെ പൊതുകുർബാന ഇല്ല

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂൺ 30 വരെ പൊതുകുർബാന ഇല്ല.

ദേവാലയങ്ങൾ തുറക്കാനും വിശുദ്ധ കുർബാന അർപ്പിക്കാനും സർക്കാർ അനുവാദം നൽകിയിട്ടുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാതലത്തിൽ ജൂൺ 30 വരെ നിലവിലെ സ്ഥിതി തുടരുമെന്ന് ആർച്ച് ബിഷപ് മാർ ആൻ്റണി കരിയിൽ സർക്കുലറിൽ അറിയിച്ചു.

എന്നാൽ ദേവാലയങ്ങൾ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് തുറന്നിടും. വിവാഹത്തിന് പരമാവധി 50 പേരെയും മനസമ്മതം, മാമ്മോദീസാ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ തിരുകർമ്മങ്ങൾക്ക് 20 പേരെയും പങ്കെടുപ്പിക്കാവുന്നതാണ്. ഈ തിരുക്കർമ്മങ്ങൾക്ക് സർക്കാർ നിബന്ധനകൾ ‌ പാലിക്കണമെന്ന് മാർ ആൻ്റണി കരിയിൽ വ്യക്തമാക്കി.

അതിരൂപതാ ആലോചനാ സമിതി അംഗങ്ങളും ഫൊറോന വികാരിമാരുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് മാർ കരിയിൽ അറിയിച്ചു.