വയനാട്: മൂലങ്കാവില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ഓടി മറഞ്ഞത് ജനവാസ മേഘലയിലേക്കായതിനാല് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു രാവിലെ കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പുലി കെണിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വച്ച കെണിയില്‍ ഇന്നു രാവിലെയാണ് പുലി കുടുങ്ങിയത്.
കൃഷി നശിപ്പിക്കുന്ന വന്യജീവികള്‍ക്കായി വച്ച കെണിയിലാണ് രാവിലെ എട്ടു മണിയോടെ പുലി അകപ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ മയക്കുവെടി വക്കാന്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പുലിയെ കെണിയില്‍ നിന്നും നീക്കുന്നത് വൈകി. ഒന്നരയോടെയാണ് സംഭവ സ്ഥലത്ത് ഡോക്ടര്‍ എത്തുന്നത്.
വനത്തില്‍ കൊണ്ടു വിടാനായി കൂട് എത്തിച്ചെങ്കിലും പുലി ജനവാസ മേഖലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കമ്പി വളച്ച് നിര്‍മിക്കുന്ന ഇത്തരം കെണികളില്‍ പുലികള്‍ കുടുങ്ങിയ സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്