കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച വൈദികന്റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച വൈദികന്റെ സംസ്കാരം ഇന്ന് നടക്കും. നാട്ടുകാരുടെ പ്രതിഷേധമുളളതിനാൽ മലമുകളിലെ സെമിത്തേരിയിൽ സംസ്കാരം നടക്കില്ല. അതേ സമയം സഭാനേത്യത്വം സംസ്ക്കാരം നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ തിരക്കിട്ട ശ്രമങ്ങൾ നടത്തുകയാണ്. ഇന്ന് ഉച്ചയോടെ സംസ്ക്കാരം നടത്താനാവുമെന്ന് സഭാനേത്യത്യം അറിയിച്ചു.

നേരത്തേ മൃതദേഹം ദഹിപ്പിക്കുന്നത് അധികൃതർ ആലോചിച്ചിരുന്നു. ബന്ധുക്കൾ ഇക്കാര്യത്തിൽ യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും വൈദികനായതിനാൽ മതാചാരപ്രകാരം ശുശ്രൂഷകൾ നടത്തി മൃതദേഹം സംസ്ക്കാരം നടത്തണമെന്ന് ഓർത്തഡോക്സ് സഭാനേത്യത്വം തീരുമാനിക്കുകയായിരുന്നു.

അതേ സമയം മ്യതദേഹം സംസ്ക്കരിക്കുന്നത് കൊറോണ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ അറിയിച്ചു.

നാലാഞ്ചിറ സ്വദേശിയായ ഫാ. കെ ജി വർഗീസിന്റെ സംസ്കാരചടങ്ങ് മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മുടങ്ങിയത്. പ്രദേശത്ത് സെമിത്തേരി സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസ് തീർപ്പാകുന്നതിന് മുൻപ് സംസ്കാരം നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെയാണ് വൈദികന്‍റെ സംസ്കാരം നടത്താതെ ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്നാണ് മറ്റ് സാധ്യതകൾ കുടുംബവും സഭ അധികൃതരും ആലോചിച്ചത്. ഓർത്തഡോക്സ് സഭയുടെ മറ്റൊരു പളളിയിൽ സംസ്കാരം നടത്തുന്നതിനാണ് ആലോചന. വൈദികന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പേരൂർക്കട ആശുപത്രിയിലും ഇദ്ദേഹത്തെ പരിചരിച്ചവർ നിരീക്ഷണത്തിലാണ്.

പുതുതായി 14 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ലയിലെ രോഗികളുടെ എണ്ണം 61 ആയി. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശത്ത് നിന്നും ഒരാൾ മുംബൈയിൽ നിന്നും വന്നതാണ്.