ആരാധനാലയങ്ങള്‍ ജൂൺ എട്ടു മുതല്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും

കൊച്ചി: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ജൂൺ എട്ടു മുതല്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദേഹം പറഞ്ഞു.