ന്യൂഡെല്‍ഹി: കേരളത്തിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് വരേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫില്‍ ഇതിനകം തന്നെ 160ലധികം മലയാളികള്‍ മരണപ്പെട്ടുകഴിഞ്ഞു. അവരെ എത്രയും വേഗം മടക്കിക്കൊണ്ടുവരികയെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. അതിന് ആവശ്യമായ ക്വാറന്റീൻ സംവിധാനങ്ങളും പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുകയെന്നത് അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വരുന്ന ആളുകളെ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ അതിന്റെ പരമാവധിയിലാണെന്നും കൂടുതല്‍ വിമാനങ്ങള്‍ വന്നാല്‍ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നുമാണ് കേരളം അറിയിച്ചത്. അതുകൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളക്കടക്കം നിയന്ത്രണം വേണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും വി.മുരളീധരന് പറഞ്ഞു.