കണ്ണൂര്‍: ക്വാറന്റൈന് ലംഘിച്ചെന്ന വ്യാജ പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് ഇവർ വാട്സാപ്പ് വഴി ചില സുഹൃത്തുക്കൾക്ക് അയച്ചിട്ടുണ്ട്. ആത്മാർഥമായി ജോലി ചെയ്യുന്ന തന്നോട് ചിലർ എന്തിനാണ് ഇങ്ങനെ പൊരുമാറുന്നതെന്ന് അറിയില്ല. തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലു പേരാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
താന്‍ വീടുകളില്‍ പോയി രോഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നു വരെ ഒരു പരാതിയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസമ്മർദത്തിനുള്ള ഇരുപതോളം ഗുളികകളാണ് ഇവർ കഴിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകയുടെ സഹോദരി കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് വന്നിരുന്നു. ഇവരുമായി ആരോഗ്യപ്രവർത്തക സമ്പർക്കം പുലർത്തിയെന്നായിരുന്നു പ്രചാരണം.