ആലപ്പുഴ: ചലച്ചിത്ര നടനും ചിത്രകാരനുമായ കോട്ടയം നസീർ ലോക് ഡൗൺ കാലത്ത് വരച്ച ക്രിസ്തുവിൻ്റെ ചിത്രം പള്ളിയിൽ സ്ഥാപിക്കുന്നതിനായി ആലപ്പുഴ രൂപതയ്ക്ക് കൈമാറി. ആലപ്പുഴ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ: ജയിംസ് റാഫേൽ ആനാ പറമ്പിൽ മന്ത്രി ജി.സുധാകരനിൽ നിന്ന് ചിത്രം ഏറ്റുവാങ്ങി. കോട്ടയം നസീർ ചടങ്ങിൽ പങ്കെടുത്തു. നസീറിൻ്റെ ജൻമദിനത്തിലാണ് ചടങ്ങ് നടന്നത്.
ആലപ്പി ബീച്ച് ക്ലബ്ബിന് വേണ്ടി സാരഥികളായ വി.ജി.വിഷ്ണു ,മനേഷ് കുരുവിള എന്നിവരാണ് കോട്ടയം നസീറിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി പെയിൻ്റിംങ്ങ് സ്വന്തമാക്കിയത്. ചിത്രം ആലപ്പുഴയിലെ ആരാധനാലയത്തിൽ സ്ഥാപിക്കുവാൻ സൗജന്യമായി നൽകുന്നതിന് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. അക്രിലിക് പെയിൻ്റ് ഉപയോഗിച്ച് ഗ്രാഫിറ്റി മാതൃകയിലാണ് ചിത്രം വരച്ചിരിക്കുന്നത്. നസീറിന് ചിത്രരചനയിലൂടെ ലഭിച്ച ആദ്യ പ്രതിഫലമായ ഒരു ‘ലക്ഷം രൂപ കഴിഞ്ഞ ദിവസം ‘ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് തുക കൈമാറിയത്.
നാൽപ്പത്തി രണ്ടോളം ചിത്രങ്ങളാണ് ലോക് ഡൗൺ കാലയളവിൽ വരച്ചത്. നടൻ മോഹൻ ലാലിൻ്റെ ജൻമദിനത്തിൽ അദ്ദേഹത്തിനായി വരച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചെറുപ്പത്തിൽ ചിത്രകല അഭ്യസിച്ചിട്ടുള്ള നസീർ സിനിമയിലെത്തും മുമ്പ് സ്വദേശമായ കറുകച്ചാലിലെ അറിയപ്പെടുന്ന ആർട്ടിസ്റ്റ് കൂടി ആയിരുന്നു. മിമിക്രി താരം ,ചലച്ചിത്ര നടൻ എന്നീ നിലകളിൽ തിളങ്ങിയ ശേഷമാണ് ചിത്രകലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. രണ്ട് വർഷം മുമ്പ് എറണാകുളം ദർബാർ ഹാളിൽ ചിത്രപ്രദർശനം നടത്തിയപ്പോഴാണ് കോട്ടയം നസീർ ചിത്രകാരൻ കൂടിയാണ് എന്നത് പലരും മനസ്സിലാക്കിയത്. മന്ത്രിമാരും ,സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കബ്ബും ഉൾപ്പെടെയുള്ളവരുടെ വലിയ ഒരു നിര തന്നെ അന്ന് ചിത്രപ്രദർശനം കാണാനെത്തിയിരുന്നു .