ചങ്ങനാശേരി മുനിസിപ്പാലിറ്റിയടക്കം ആറ് ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട്സ്പോട്ടുകൾ കൂടി . ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും കാസർകോട് മൂന്നും പാലക്കാട് രണ്ടും ഹോട്ട് സ്പോട്ടുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേ‍ർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്.

ജനങ്ങൾ ഒരുമിച്ച് നിന്നാണ് പൊരുതുന്നത്. സാമൂഹിക സന്നദ്ധ സേനയിലെ വളണ്ടിയർമാർ തികഞ്ഞ അർപ്പണ ബോധത്തോടെ രംഗത്തുണ്ട്. പ്രാദേശിക തലത്തിൽ പൊലീസിനൊപ്പം പട്രോളിങിലും മറ്റും അവർ പങ്കാളികളാണ്. അവശ്യ മരുന്നുകളെത്തിക്കുക, ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ സേവനങ്ങൾ നടത്തുന്നു. ‘വയോമിത്രം’ പ്രവർത്തനത്തിലും പങ്കാളികളാകുന്നു. ദുരന്ത പ്രതിരോധത്തിൽ യുവജന ശക്തിയെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേനയെ രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറ് പേർക്ക് ഒരു വളണ്ടിയർ എന്ന കണക്കിൽ 3.40 ലക്ഷം പേരുടെ സേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. 3.37 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്.

രോഗപ്രതിരോധത്തിന് വാർഡ് തല സമിതിയിൽ വളണ്ടിയർമാർ പ്രവർത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളാണ് ഇത് ഏകോപിപ്പിക്കേണ്ടത്. അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനുമൊപ്പം പ്രവർത്തിക്കണം. പ്രായോഗിക പരിശീലനം ലഭിക്കും. പ്രത്യേക പരിശീലനം നൽകുന്നതിനും പദ്ധതി തയ്യാറാക്കി. കൊറോണയുടെ ഭാഗമായി നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈൻ പരിശീലനം നൽകും. ജൂൺ 15 ന് മുൻപ് 20000 പേർക്കും ജൂലൈയിൽ 80000 പേർക്കും ആഗസ്റ്റിൽ ഒരു ലക്ഷം പേർക്കും പരിശീലനം നൽകും.

മഴക്കാല കെടുതി നേരിടാനും സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ചത്തെ ശുചീകരണത്തിൽ സന്നദ്ധസേനയും രംഗത്തുണ്ടാകും. 2018 ലെ പ്രളയത്തിലും 2019 ലെ കാലവർഷക്കെടുതിയിലും യുവജനങ്ങളുടെ പ്രവർത്തനം പ്രശംസ നേടിയിരുന്നു. ഈ അനുഭവത്തിന്റെ കൂടി സാഹചര്യത്തിലാണ് സന്നദ്ധസേനയെ ഉണ്ടാക്കിയത്. ഇത് മാതൃകയാവും. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാവുമോ എന്ന് പരിശോധിക്കും.