മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്ഥാനക്കയറ്റവും 3 പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി കൊല്ലം മെഡിക്കല്‍ കോളേജിലെ ഡോ. സാറ വര്‍ഗീസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ. അജയകുമാര്‍ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് ഡോ. സാറ വര്‍ഗീസിനെ നിയമിച്ചത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ഡോ. സാറ വര്‍ഗീസ്.

കൊല്ലം മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി ഡോ. രവികുമാര്‍ കുറുപ്പിനെ നിയമിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവിയാണ് ഡോ. രവികുമാര്‍ കുറുപ്പ്.

കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാളായി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.പി. മോഹനനെ നിയമിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാള്‍ ഡോ. വിജയലക്ഷ്മിയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫസറാണ് ഡോ. വിജയലക്ഷ്മി.

എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍. റോയിയെ നിയമിച്ചു.

കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി.എസ്. വിക്രമനെ നിയമിച്ചു. കൊല്ലം മെഡിക്കല്‍ കോളേജ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം പ്രൊഫസറാണ് ഡോ. സി.എസ്. വിക്രമന്‍.

ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. വി. സതീഷിനെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൈക്യാര്‍ട്രി വിഭാഗം പ്രൊഫസറാണ് ഡോ. വി. സതീഷ്.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. കെ.എം. കുര്യാക്കോസിനെ നിയമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി പ്രൊഫസറാണ് ഡോ. കെ.എം. കുര്യാക്കോസ്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ഹരികുമാരന്‍ നായര്‍ ജി.എസിനെ നിയമിച്ചു. റേഡിയോ ഡയഗ്നോസിസ് വിഭാഗം പ്രൊഫസറാണ്. നിലവില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി ഡീനാണ് ഡോ. ജി.എസ്. ഹരികുമാരന്‍ നായര്‍.