കേരളം 70,137 കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചെന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരളത്തിൽ നിന്ന് 70,137 കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 55 തീവണ്ടികളിലയാണ് ഇവരെ തിരികെ അയച്ചത് എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ലോക് ഡൗൺ കാലയളവിൽ സംസ്ഥാനത്ത് ആരംഭിച്ച 21,556 ക്യാമ്പുകളിൽ 4,34,280 കുടിയേറ്റ തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ടെന്നും കേരളം സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്യാമ്പുകളിൽ തൊഴിലാളികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏർപെടുത്തിയിട്ടുണ്ടായിരുന്നു എന്നും അവർക്ക് ആവിശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങൾ എന്നിവ പൂർണമായും സൗജന്യമായിരുന്നു എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കുടിയേറ്റ തൊഴിലാളികളെ അഥിതി തൊഴിലാളികൾ ആയാണ് കേരളം കാണുന്നത്. ഇവർക്കായി സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിർദേശവും സർക്കാരിന് സ്വീകാര്യം ആണെന്നും കേരളം റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിരീക്ഷിക്കാനും മേൽനോട്ടം വഹിക്കാനും പ്രത്യേക വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന പരാതി പരിഹാര സെല്ലിലേക്ക് 20,386 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് മുഴുവനും പരിഹരിച്ചു എന്നും കേരള സർക്കാർ വ്യക്തമാക്കി.