അഞ്ജനയുടെ മരണം; അന്വേഷണം കാര്യക്ഷമമാക്കാൻ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി

കാഞ്ഞങ്ങാട് : അഞ്ജന ഹരീഷിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഞ്ജനയുടെ അമ്മ മിനി പ്രധാനമന്ത്രിക്ക് പരാതി നൽകി. അഞ്ജന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവൾ ലൈംഗിക പീഡനത്തിനുൾപ്പെടെ ഇരയായിട്ടുണ്ടെന്നും അതുകൊണ്ട് മകളുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമാകണം എന്നുമാണ് പരാതിയിൽ പറയുന്നത്.

ഗോവ, കേരള മുഖ്യമന്ത്രിമാർ, ദേശീയ, സംസ്ഥാന വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. അഞ്ജനയുടെ മരണത്തിന് പിന്നിൽ രാജ്യവിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകൾ ഉണ്ടെന്നും സംശയിക്കുന്നതായും മിനി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അഞ്ജനയെ ഈ മാസം 13 നാണു ഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയതായിരുന്നു. താമസിച്ച റിസോർട്ടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പൊലീസ് അറിയിച്ചത്. അഞ്ജനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

അഞ്ജനയെ കൂട്ടുകാർ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് മിനി പറയുന്നത്.
കുറ്റാക്കാരെന്ന് ചൂണ്ടിക്കാട്ടി ഗാർഗി, നസീമ നസ്‌റിൻ ഉൾപ്പെടെയുള്ളവരുടെ പേരും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.