ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. സർക്കാർ അനുമതിയില്ലാതെ ഇദ്ദേഹമെഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ
ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തി എന്നാണ് ആരോപണം. കുറ്റപത്രം രണ്ട് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കും. ക്രൈംബ്രാഞ്ച്‌ മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

പുസ്തകരചനക്ക് മുൻപ് സര്‍ക്കാരിന്റെ അനുമതി തേടണം എന്നാണ് പൊലീസ് ചട്ടം. എന്നാൽ, ജേക്കബ് തോമസ് ഇത്തരത്തിൽ അനുമതി വാങ്ങിയിരുന്നില്ല. നിരവധി ഔദ്യോഗിക രഹസ്യങ്ങളും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളും പുസ്തകത്തിലൂടെ പുറത്തുവിട്ടു എന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അന്തിമ വിധി വരുന്നതിനു മുൻപ് നിലപാട് വ്യക്തമാക്കുന്ന തരത്തിൽ ജേക്കബ് തോമസ് പുസ്തകത്തിൽ കുറിച്ചു.

സംസ്ഥാന പൊലീസ് സേനയിൽ സർവ്വീസിലുളള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാനൊരുങ്ങുന്നത്  ഇത് ആദ്യമായാണ്. നിലവിൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡി ആയ ജേക്കബ് തോമസ് ഈ മാസം 31 ന് വിരമിക്കും. നിലവിൽ രണ്ട് വിജിലൻസ് കേസുകളും ജേക്കബ് തോമസിനെതിരെ നിലനിൽക്കുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനത്തിന് ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 2001ൽ 50.55 ഏക്കർ വസ്തു വാങ്ങിയ വിവരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ സർക്കാരിൽ നിന്നും മറച്ചുവച്ചെന്നും ഈ വസ്തു അനധികൃതമായി സമ്പാദിച്ചതാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.