പിണറായിക്ക് വിവേകമുദിക്കാൻ 24 മണിക്കൂർ വേണം ; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിക്ക് വിവേകമുദിക്കണമെങ്കിൽ 24 മണിക്കൂർ സമയം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

സംസ്ഥാന സർക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. അന്നും ഞങ്ങൾ പറഞ്ഞു. പരീക്ഷകൾ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് എന്നാൽ അന്നും തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോൾ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാണ് ചെന്നിത്തല പറഞ്ഞത്.

മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടി വരുമെന്നാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാർഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞത്. എന്നാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രത്തിന്റെ ഇടപെടലിനെ തുടർന്ന് മെയ് 26-ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകൾ മാറ്റിവെയ്ക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.