അയല്‍വാസിയെ കൊലപ്പെടുത്തി ആള്‍മാറാട്ടം; പ്രതി ഇരുപത്തിനാലു വര്‍ഷത്തിനു ശേഷം പിടിയില്‍

കോട്ടയം: അയല്‍വാസിയെ കൊലപ്പെടുത്തി ആള്‍മാറാട്ടം നടത്തി കഴിഞ്ഞ പ്രതി ഇരുപത്തിനാലു വര്‍ഷത്തിനു ശേഷം പിടിയില്‍. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണ് കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്. കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ആള്‍മാറാട്ടം നടത്തിയ കഴിയുകയായിരുന്നു.

1996ലാണ് കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി കൊല്ലപ്പെട്ടത്. സമീപത്തെ പാടത്തിനോടു ചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രതി അയല്‍വാസിയായ വര്‍ക്കിയാണെന്നു പൊലീസ് കണ്ടെത്തിയെങ്കിലും പിടികൂടും മുമ്പ് മുങ്ങി. പലയിടത്തും പൊലീസ് അന്വേഷിച്ചെങ്കിലും വര്‍ക്കിയെ കണ്ടെത്താനായില്ല.

ലോക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയ വര്‍ക്കിയെ പൊലീസ് കുരുക്കുകയായിരുന്നു. 24 വര്‍ഷത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ടാണ് വര്‍ക്കി ബന്ധുക്കളെ കാണാനെത്തിയത്. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വര്‍ക്കി എത്തിയത്. നര്‍കോടിക് ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു രാത്രി തന്നെ പൊലീസ് വീടു വളഞ്ഞു പിടികൂടുകയായിരുന്നു.