55.18 ലക്ഷം ₹ ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ; 97 പേർ പണം തിരികെ ആവശ്യപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്ത 97 പേർ പണം തിരികെ ആവശ്യപ്പെട്ടു. ഇവരുടെ മുഴുവൻ തുകയും തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കി. 97 പേർ സംഭാവന ചെയ്തത് 55.18 ലക്ഷം രൂപയാണ്. തങ്ങൾക്ക് സംഭവിച്ച പിഴവിലൂടെയാണ് ഓൺലൈനിൽ പണം അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ആയതെന്നാണ് പലരുടെയും വിശദീകരണം.

തുക തിരികെ ആവശ്യപ്പെട്ട 97 പേരിൽ 16 പേർ കേരളത്തിൽ നിന്നുളളവരാണ്. തുക രേഖപ്പെടുത്തിയപ്പോൾ ഒരു പൂജ്യം കൂടിപ്പോയതായി കാട്ടി ബാക്കി തുക ആവശ്യപ്പെട്ടവരും ഇതിലുണ്ട്. ഹോങ്കോങ്ങിൽ നിന്ന് 90,000 സംഭാവന ചെയ്ത സംഘടനയും പണം തിരികെ ആവശ്യപ്പെട്ടു. പാലക്കാട്ടുകാരനായ കെ.സുന്ദരേശ്വരൻ 4.95 ലക്ഷം രൂപയാണ് തിരികെ വാങ്ങുന്നത്.

2018ലെ പ്രളയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4,900 കോടി രൂപയാണ് ലഭിച്ചത്. ഓൺലൈൻ വഴി പണം നൽകുന്നത് കുറ്റമറ്റ രീതിയിൽ സജ്ജീകരിച്ചതും ഇക്കാലത്താണ്. കൂടാതെ നിരവധി കോടതികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അടക്കാൻ പ്രതികളോട് നിർദേശിച്ചിരുന്നു.

അതേസമയം നികുതി കിഴിവ് നേടിയവർ സംഭാവന തിരികെ വാങ്ങിയ വിവരം ഈ വർഷത്തെ കണക്കിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണ് സർക്കാർ പണം തിരികെ നൽകുന്നത്. കൊവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന ലഭിച്ചു.