കേരള പൊലീസ് ട്രോളിനെതിരെ വിമർശനവുമായി നടൻ സാമുവൽ അബിയോള റോബിൻസൺ

തിരുവനന്തപുരം: കേരള പൊലീസ് പുറത്തിറക്കിയ ട്രോളിനെതിരെ വിമർശനവുമായി സുഡാനി ഫ്രം നൈജീരിയ സിനിമയിലെ നടൻ സാമുവൽ അബിയോള റോബിൻസൺ. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ മെയിലുകള്‍ തയ്യാറാക്കി അയക്കുന്ന നൈജീരിയന്‍ സംഘത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ കേരള പൊലീസ് ഒരു ട്രോൾ ഇറക്കിയിരുന്നു. നൈജീരിയന്‍ തട്ടിപ്പ്: ഒരവലോകനം എന്ന പേരിലായിരുന്നു കേരള പൊലീസിന്റെ ട്രോള്‍. സക്കറിയയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു പൊലീസ് ട്രോള്‍ ഉണ്ടാക്കിയിരുന്നത്.

വ്യാജ സന്ദേശം അയയ്ക്കുന്ന നൈജീരിയന്‍ സംഘത്തിനെതിരെ മുന്നറിയിപ്പ്. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഈ മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കുക. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അയയ്ക്കുന്നതെന്ന വ്യാജേന പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന ഈമെയില്‍ സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’’- എന്ന് പറഞ്ഞായിരുന്നു കേരള പോലീസ് ട്രോള്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇതുപോലുള്ള കാര്യങ്ങൾക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാൻ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാൻ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാൻ അഭിനന്ദിക്കുന്നില്ല. ഞാൻ ഒരു നൈജീരിയൻ ആയതുകൊണ്ട് ഞാൻ ഒരു തട്ടിപ്പുകാരനാണെന്ന് അർത്ഥമാക്കുന്നില്ല. എന്നാണ് ഇതിനെതിരെ സാമുവൽ ഫേസ്ബുക്കിൽ കുറിച്ചത്.