ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും ഗവര്‍ണര്‍ക്കെതിരായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭരണകക്ഷിയായ ഡി.എം.കെയുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ആര്.എന്‍.രവിയെ തിരിച്ചുവിളിക്കാന്‍ കേന്ദ്രത്തിന് കത്തയ്ക്കാനാണ് ഡി.എം.കെ നേതൃത്വത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം നല്‍കുന്നതിനും തമിഴ്നാട്ടിലെ ബിജെപി ഇതരകക്ഷികള്‍ തമ്മില്‍ ധാരണയായി.
നിരവധി വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തുടരുന്ന അഭിപ്രായഭിന്നതകള്‍ തുറന്ന പോരിലെത്തി നില്ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഡി.എം.കെ സഖ്യകക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയ്ക്ക് നല്കുന്ന നിവേദനത്തില്‍ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ട്രഷറര്‍ ടി.ആര്.ബാലു ബി.ജെ.പി ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ പാര്ട്ടിനേതൃത്വങ്ങള്ക്കും കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും ഡി.എം.കെയുടെ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.