സർക്കാർ മുട്ടുമടക്കി; പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. തത്കാലത്തേക്ക് തുടര്‍നടപടികള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോരിറ്റി എന്നിവയൊഴികെ സംസ്ഥാനത്തെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളിലെയും വിരമിക്കല്‍പ്രായം അറുപതായി ഏകീകരിക്കാനായിരുന്നു തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന സര്‍ക്കാരിന്റെ നയപരമായ നിലപാടില്‍ നിന്ന് പിന്നോട്ടുപോയതിന്റെ സൂചനയായാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പുതിയ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി കൂടി നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇടതുപക്ഷ യുവജനസംഘടനകളുള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.