ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമെന്ന് വിസിമാര്‍; ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അടക്കം സംസ്ഥാനത്തെ ഏഴ് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിസിമാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

വിസി നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം നടത്തി തെറ്റ് കണ്ടെതിതായാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണംകാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഇത് റദ്ദാക്കണമെന്നാണ് വിസിമാരുടെ ആവശ്യം.

അതേസമയം ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള അവസാന സമയപരിധി നാളെയാണ്. വിസിമാരില്‍ ആരും തന്നെ ഇതുവരെ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടില്ല. അതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.