ഗുജറാത്ത് തീരത്ത് 350 കോടി രൂപയുടെ ഹെറോയിനുമായി പാക് സംഘം പിടിയില്‍

അഹമ്മദാബാദ്: വിപണിയില്‍ 350 കോടി രൂപ വിലവരുന്ന 50 കിലോഗ്രാം ഹെറോയിനുമായി ഗുജറാത്ത് തീരത്ത് നിന്നും പാക്കിസ്ഥാന്‍ ബോട്ട് പിടിയിലായി. ബോട്ടിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ലഹരിമരുന്നുമായി പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ടിനെയും സംഘത്തെയും പിടികൂടിയത്. അല്‍ സാഗര്‍ എന്നായിരുന്നു ബോട്ടിന്റെ പേര്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് ആറാം തവണയാണ് മയക്കുമരുന്നുമായി പാക്കിസ്ഥാന്‍ ബോട്ട് പിടിയിലാകുന്നത്. ഈ മാസം മറ്റൊരു പാക് ബോട്ട് ഗുജറാത്ത് തീരത്ത് നിന്നും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 200 കോടിയോളം വരുന്ന 40 കിലോയോളം ഹെറോയിനുമായി പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ട് തീരസംരക്ഷണസേന പിടികൂടിയിരുന്നു.