ചട്ടങ്ങൾ ലംഘിച്ചു; കണ്ണൂർ സർവ്വകലാശാലയിൽ ഓൺലൈൻ ഇൻ്റർവ്യൂ, റാങ്ക് ലിസ്റ്റ് വിവാദത്തിൽ

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് ഓൺലൈൻ വഴി ഇൻറർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് വിവാദത്തിൽ. കൊറോണയുടെ മറവിൽ തിരക്കിട്ട് ഓൺലൈൻ വഴി ഇൻ്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയത് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനാണെന്ന് ആക്ഷേപം ശക്തിപ്പെട്ടു കഴിഞ്ഞു.

മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ അസോസിയേറ്റ് പ്രൊഫസർമാരുടെ തസ്തികളിലേക്കുള്ള ഇൻറർവ്യൂവാണ് ഓൺലൈൻ വഴി നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. സർവ്വകലാശാല ചട്ടങ്ങളിൽ നിലവിൽ ഓൺലൈൻ ഇന്റർവ്യൂ നടത്താൻ വ്യവസ്ഥയില്ല. ഓൺലൈൻ ഇൻറർവ്യൂ നടത്തുന്ന കാര്യം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നുമില്ല. ഓൺലൈൻ ഇൻറർവ്യൂ നടക്കുമെന്നറിഞ്ഞിരുന്നെങ്കിൽ യോഗ്യരായ പലർക്കും അതിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇക്കാര്യം മറച്ചു വച്ചത് സ്വന്തക്കാരെ നിയമിക്കാനാണെന്നത് ആക്ഷേപത്തിന് ശക്തി പകരുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ വേരിഫിക്കേഷൻ നടത്താതെ റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതാണ് അധികൃതരെ ഏറെ വെട്ടിലാക്കിയത്.
ഇൻറർവ്യൂവിൻ്റെ സുതാര്യത നഷ്ടപ്പെടുത്തി ഉണ്ടാക്കിയ റാങ്ക് ലിസ്റ്റ് അഴിമതിക്ക് വഴിവയ്ക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർ ഇത് അംഗീകരിച്ചാൽ മറ്റു സർവകലാശാലകളിലും ഇത്തരത്തിൽ ഇൻ്റർവ്യൂ നടക്കുമെന്ന് അറിയുന്നു.

കണ്ണൂർ സർവ്വകലാശാലാ റാങ്ക് ലിസ്റ്റിന് അംഗീകാരം ലഭിച്ചാൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയും നാൽപതോളം ഒഴിവുകളിൽ ഓൺലൈൻ ഇൻറർവ്യൂ നടത്തുമെന്നാണ് സൂചന.

അതേ സമയം ഓൺലൈൻ ഇൻറർവ്യൂ വഴി ഉണ്ടാക്കിയ റാങ്ക് ലിസ്റ്റ് സ്വജനപക്ഷപാതത്തിനു കളമൊരുക്കുമെന്നതിനാൽ അത് റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.