കൊച്ചി: ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കുമ്പോൾ സര്‍വീസ് നടത്താനുളള തയ്യാറെടുപ്പിൽ കൊച്ചി മെട്രോ. കൃത്യമായ മുന്‍കരുതലുകളും ക്രമീകരണവും സജ്ജമാക്കുകയാണ് കൊച്ചി മെട്രോ. ഇതിന്റെ ഭാഗമായി ടിക്കറ്റിങ്ങിന് കോണ്‍ടാക്‌ട് ലെസ് സംവിധാനം ഏര്‍പ്പെടുത്തും. പണം പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ പ്രത്യേക മെഷീനില്‍ ടിക്കറ്റ് ലഭിക്കും. നേരത്തെ കുടുംബശ്രീ അംഗങ്ങളെ നിയോഗിച്ച് പ്രത്യേക കൗണ്ടര്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പന.
ടിക്കറ്റിങ്ങിന് കോണ്‍ടാക്‌ട് ലെൻസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. പരമാവധി 175 യാത്രക്കാരെ കയറ്റിയാകും യാത്ര. ട്രെയിനിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ക്രമീകരിക്കും. സര്‍വീസ് ആരംഭിക്കുമ്പോൾ എല്ലാ ദിവസവും ട്രെയിന്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഘട്ടത്തിലും തീവണ്ടികള്‍ ഓടാന്‍ തുടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കൊച്ചി മെട്രോയും സര്‍വ്വീസിന് തയ്യാറെടുക്കുന്നത്. ഇടപ്പള്ളി,കലൂര്‍ സ്‌റ്റേഡിയം തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ഒരാഴ്ച കൊണ്ട് സ്‌റ്റേഷനുകളില്‍ ഇത് സജ്ജമാക്കും. മറ്റു സ്‌റ്റേഷനുകളിലും തെര്‍മല്‍ സ്‌കാനറുകള്‍ വെച്ചുള്ള പരിശോധനയുണ്ടാകും.