മന്ത്രിസഭയില്‍ അഴിച്ചുപണി; എം.ബി.രാജേഷ് മന്ത്രിയാകും, എ.എന്‍.ഷംസീര്‍ സ്പീക്കര്‍

തിരുവനന്തപുരം: മന്ത്രി എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയാകുന്നതിനെത്തുടര്‍ന്ന് മന്ത്രിസഭയില്‍ അഴിച്ചുപണി. സ്പീക്കര്‍ എം.ബി.രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എല്‍.എ എ.എന്‍.ഷംസീറാണ് പുതിയ സ്പീക്കര്‍. എ.കെ.ജി സെന്ററില്‍ ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പുതിയ തീരുമാനം അറിയിച്ചത്. എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും ഇതോടൊപ്പമുള്ള വാര്‍ത്താക്കുറിപ്പില്‍ സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ എം.വി.ഗോവിന്ദന്‍ വഹിച്ചിരുന്ന എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പുകളായിരിക്കാം എം.ബി.രാജേഷിന് ലഭിക്കുക. തൃത്താല എം.എല്‍.എയാണ് എം.ബി.രാജേഷ്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ സ്പീക്കര്‍ സ്ഥാനം വഹിച്ചിരുന്ന എം.ബി.രാജേഷ് മുന്‍ എം.പി കൂടിയാണ്.

എ.എന്‍.ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് ഇപ്പോള്‍ നികത്തുന്ന കാര്യം സി.പി.എം തീരുമാനിച്ചിട്ടില്ല.