ന്യൂഡെല്‍ഹി: സംസ്കൃതം ദേശീയഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാര്‍ലമെന്റ് പരിഗണിക്കേണ്ട നയപരമായ വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം.ആര്.ഷാ, ജസ്റ്റിസ് കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഈ വിഷയം ശരിയായി ഉന്നയിക്കേണ്ട വേദി പാര്‍ലമെന്റാണ്. അല്ലാതെ കോടതിയല്ലെന്ന് സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് നയത്തിന്റെ വിഷയമാണ്. കോടതിയ്ക്ക് ഇടപെടാനാകില്ല. ഈ വിഷയത്തില്‍ പാര്‍ലമെന്റിലാണ് ചര്‍ച്ച നടക്കേണ്ടത്.
അതുകൊണ്ടു തന്നെ ഹര്‍ജി നിരസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ.ജി.വന്‍സാരയാണ് സംസ്കൃതം ദേശീയഭാഷയാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.