വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിതയുടെ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് രഹസ്യവാദം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ രഹസ്യവാദം തടയണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് നടി കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്.

വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം.വര്‍ഗീസ് കോടതി മാറിയതിനെ തുടര്‍ന്നാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം.വര്‍ഗീസിന്റെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതി നടന്‍ ദിലീപും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു.

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ കേസ് വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇത് നിയമപരമല്ലെന്ന് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും.