കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനായി 103 കോടി രൂപ കൊടുക്കാന്‍ സംസംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ ഉത്തരവ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്സുമാണ് കൊടുക്കേണ്ടത്. ശമ്പളം നല്കാന് സര്‍ക്കാര്‍ പത്തുദിവസം സാവകാശം തേടിയെങ്കിലും പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പള വിതരണത്തിന് മുന്‍ഗണന നല്‍കണമെന്ന ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ശമ്പള വിതരണത്തിനായി 103 കോടി രൂപ നല്‍കാനാണ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി രൂപ വീതവും മൂന്ന് കോടി രൂപ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുന്നതിനും വേണ്ടിയാണ്. ശമ്പളം നല്കാന് പത്തുദിവസത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു നിലയ്ക്കും തൊഴിലാളികളെ പട്ടിണിയ്ക്കിടാന്‍ പാടില്ല. ശമ്പളം അനുവദിക്കാന്‍ ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് 103 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
കേസില്‍ സെപ്റ്റംബര്‍ ഒന്നിന് അടുത്ത വാദം കേള്‍ക്കും. അതിന് മുന്‍പായി പണം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.