തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ മുഖ്യമന്ത്രി അദാനിയുടെ പിഎ പണി ചെയ്യുന്ന തരത്തില്‍ തരം താഴരുതെന്ന് സമരസമിതി. സമരത്തെ സംബന്ധിച്ചു മുഖ്യമന്ത്രി എന്തിനാണ് മത്സ്യത്തൊഴിലാളി സമൂഹത്തെ മറ്റുള്ളവരുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമരസമിതി ചോദിച്ചു.
പ്രദേശവാസികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്ന് സമരസമിതി വ്യക്തമാക്കി. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം ഒരുപോലെ ബാധിക്കുന്നത് വിഴിഞ്ഞത്തിന് വടക്കും തെക്കുമാണ്. അതായത് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള പ്രദേശത്തെ. അപ്പോള്‍ അതത് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതിജീവനത്തിനായി വിഴിഞ്ഞത്ത് സമരം ചെയ്യുന്നതില്‍ എന്ത് അസ്വഭാവികതയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കാണുന്നത് സമരസമിതി ചോദിച്ചു.
മുന്‍കൂട്ടി തയ്യാറാകാതെ ഒരു സമരവും ഇന്ന് വരെ നടന്നിട്ടില്ല എന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ആരും പറഞ്ഞു തരേണ്ടല്ലോ. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടന്നുവരുന്നു. ഇന്ന് ആ സമരത്തിന് കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടി എന്നത് മാത്രമാണ് പ്രത്യേകതയെന്ന് സമരസമിതി വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. വളരെയേറെ അസത്യങ്ങള്‍ കുത്തിനിറച്ച പ്രസ്താവനയാണ് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കളിയാക്കുകയാണ് മന്ത്രി നിയമസഭയില്‍ ചെയ്തത്. സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അദാനി അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന ഈ തുറമുഖത്തെ ഇവിടെ നിന്നും എന്നെന്നേയ്ക്കുമായി നിര്‍ത്തലാക്കാതെ മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ നിന്നും അണുവിട ചലിയ്ക്കില്ല. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് സംസാരിക്കുന്നത്. ഇവിടെ ആര്‍ക്കും തൊഴിലുകള്‍ ഉണ്ടാകാന്‍ പോകുന്നില്ല.
ഈ പദ്ധതി നിര്‍ത്തിവെച്ചുകൊണ്ടേ സമരം അവസാനിപ്പിക്കൂ. വാ തുറന്നാല്‍ നികൃഷ്ട ജീവി, കടക്ക് പുറത്ത് എന്നു പറയുന്ന ആ ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്തുവേണ്ട. ഇതു മത്സ്യത്തൊഴിലാളികളുടെ സമരമാണ്. ഇതു വിജയിപ്പിച്ചേ അടങ്ങു. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ഞങ്ങള്‍ ജയിച്ചിട്ടേ അടങ്ങുകയുള്ളൂവെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് മുന്നറിയിപ്പ് നല്‍കി.