കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി.കോളെജിലെ അധ്യാപകന് ഡോ.ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഓഗസ്റ്റ് 31 വരെയാണ് നിയമനം സ്റ്റേ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി കേസില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനും ഉത്തരവിട്ടു. പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനവും കോടതി തടഞ്ഞിട്ടുണ്ട്.
പ്രിയ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കുവാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്നും 2018-ലെ യുജിസി വ്യവസ്ഥപ്രകാരമുള്ള റിസര്‍ച്ച് സ്കോര്‍, അംഗീകൃത പ്രസിദ്ധീകരണങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സെലക്ഷന് കമ്മിറ്റി അഭിമുഖത്തില്‍ തന്നെക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് പ്രിയ വര്‍ഗീസിന് നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വൈസ് ചാന്‍സലര്‍, സര്‍വ്വകലാശാല, പ്രിയ വര്‍ഗീസ് എന്നിവരെ എതിര് കക്ഷികളാക്കിയായായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
പ്രിയ വര്‍ഗീസിന്റെ നിയമനത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരത്തെ നിയമനം മരവിപ്പിച്ചിരുന്നു. ഇതിനെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല കോടതിയ സമീപിക്കാന്‍ തയ്യാറാകുന്നതിനിടെയാണ് ജോസഫ് സ്കറിയ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.