തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂളില്‍ പുതിയ വ്യവസ്ഥ കൂടി കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
10, പ്ലസ് ടു, ഡിഗ്രി ക്ലാസുകളില്‍ ഏതെങ്കിലും ഒരു തലത്തില്‍ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം. അല്ലാത്തവര്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്. മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസ്സാകണം. പ്രൊബേഷന്‍ കാലാവധിയ്ക്കുള്ളില്‍ 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ മലയാളം പരീക്ഷ പാസ്സായവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
മലയാളം സീനിയര്‍ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാവും പി.എസ്.സിയുടെ മലയാള ഭാഷാ പ്രാവീണ്യ പരീക്ഷ. മലയാളം മിഷന് പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.