കാക്കനാട്: സിറോ മലബാര്‍ സഭയുടെ ഏകീകൃത കുര്‍ബ്ബാന കാര്യത്തിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണസംവിധാനത്തെ സംബന്ധിച്ചും വത്തിക്കാന്‍ പുതിയ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി സിറോ മലബാര്‍ സഭ. ‘കുര്‍ബ്ബാന വിഷയത്തില്‍ വത്തിക്കാന്റെ സുപ്രധാന നീക്കം’ എന്ന തരത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍പെട്ടു. വാര്‍ത്തകളില്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയോ, പൗരസ്ത്യ തിരുസംഘമോ സിറോ മലബാര്‍ സിനഡിന്റെ ചര്‍ച്ചാവിഷയങ്ങളെകുറിച്ചും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണസംവിധാനത്തെ സംബന്ധിച്ചും നേരത്തെ ഔദ്യോഗികമായി നല്‍കിയതല്ലാതെ പുതുതായി നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി വടക്കേക്കര അറിയിച്ചു.
അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെയും മാര്‍പാപ്പയുടെയും, പരിശുദ്ധ സിംഹാസനത്തിന്റെയും നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്. ഇതിന് ആവശ്യമായ എല്ലാ സഹകരണങ്ങളും, സഭയുടെ മുഴുവന്‍ പിന്തുണയും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സിനഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതിയെ സംബന്ധിച്ചും, സ്ഥലവില്പനയിലെ നഷ്ടം നികത്തലിനെ സംബന്ധിച്ചും കൃത്യമായ വിശദീകരണക്കുറിപ്പ് സഭ ഇതിനോടകം ഔദ്യോഗികമായി നല്‍കിയിട്ടുണ്ട്. അതിനാല്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്കെതിരെ സഭയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അത്തരം വാര്‍ത്തകളെ തള്ളിക്കളയണമെന്നും റവ. ഡോ. ആന്റണി വടക്കേക്കര അഭ്യര്‍ഥിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.