നിയമനവിവാദം: കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി; ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ തുടരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രിയ വര്‍ഗീസ്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളെജില്‍ അധ്യാപികയായ പ്രിയയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ചത് വിവാദമായിരുന്നു.

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഗുരുതരനിയമലംഘനവും സ്വജനപക്ഷപാതവും വിസിയുടെ ഭാഗത്തുനിന്നുണ്ടായേക്കുമെന്നാണ് പരാതി.

വി.സിയുടെ കാലാവധി നീട്ടുന്നതിനുമുമ്പ് അഭിമുഖം നടത്തി പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ പട്ടിക അംഗീകരിച്ചു.

പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പാരിതോഷികമായാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വി.സി ആയി പുനര്‍നിയമനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. യുജിസി റെഗുലേഷന്‍ പൂര്‍ണ്ണമായും അവഗണിച്ച് പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയിരുന്നു.