ടോള്‍ പിരിയ്ക്കുന്നത് നിര്‍ത്തണം, റോഡിലെ കുഴിയടച്ചിട്ട് ഇനി പിരിവ് നടത്തിയാല്‍ മതിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കുഴികള്‍ നിറഞ്ഞ് ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിയ്ക്കുന്നത് നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യാത്ര ചെയ്യാന്‍ പ്രത്യേകമായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. മുഴുവന്‍ കുഴികള്‍ നിറഞ്ഞ സംസ്ഥാനത്ത് റോഡുകളൊന്നും നന്നാക്കാതെ ഇനി ടോളുകള്‍ പിരിയ്ക്കാന്‍ പാടില്ലെന്നും ഇക്കാര്യം വിവിധ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയ്ക്ക് സമീപം ബൈക്ക് യാത്രക്കാരന്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ച് വീണ് അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിലാണ് വിഡി സതീശന്‍ നിലപാട് വ്യക്തമാക്കിയത്.

‘ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മണ്‍സൂണിനു മുമ്പേ കൃത്യമായി ചെയ്യേണ്ടതത് സര്‍ക്കാരിന്റെ കടമയാണ്. അത് ചെയ്തിട്ടില്ല. അതിനാലാണ് ഇക്കാര്യം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഹൈവേ നന്നാക്കാതെയും കുഴികള്‍ അടയ്ക്കാതെയും ഒരു കാരണവശാലും ടോള്‍ പിരിയ്ക്കരുതെന്ന് തൃശ്ശൂര്‍ കളക്ടറോടും എറണാകുളം ജില്ലാ കളക്ടറോടും നേരിട്ട് ആവശ്യപ്പെടാന്‍ പോവുകയാണ്.’ വിഡി സതീശന്‍ പറഞ്ഞു.

മുന്‍പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ നേരിട്ട് ചെയ്യുമായിരുന്നു. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തില്‍ പെടുന്നത്. കൈകാലുകള്‍ ഒടിഞ്ഞ് ആശുപത്രികളില്‍ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണമെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോരിറ്റിയെ കുറ്റപ്പെടുത്തുകയാണ് പൊതുമരാമത്ത് വിഭാഗം മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാത്ത കരാറുകാര്‍ക്കും അവര്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കുഴികള്‍ ഇല്ലാതാക്കാന്‍ സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

നെടുമ്പാശ്ശേരിയ്ക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍പെട്ട് തെറിച്ച് വീണ് മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം(52) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളിന് മുന്‍പിലുള്ള വലിയ കുഴിയില്‍ വീണാണ് അപകടം ഉണ്ടായത്. ഇവിടെ കുഴിയ്ക്ക് രണ്ടടിയോളം താഴ്ചയുണ്ട്.