കൊച്ചി: കാരക്കോണം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ നീക്കങ്ങളുമായി ഇ.ഡി. സി.എസ്.ഐ സഭാ സെക്രട്ടറി ടി.ടി പ്രവീണിനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കോളേജുകളിൽ എംഡി, എംബിബിഎസ് സീറ്റുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ കാപ്പിറ്റൽ ഫീസിനത്തിൽ കൈപ്പറ്റിയ ശേഷം പ്രവേശനം അനുവദിച്ചില്ലെന്ന് കാണിച്ച് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വെള്ളറട, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിൽ ഇതുസംബന്ധിച്ച പരാതിയും വിദ്യാർഥികൾ നൽകിയിട്ടുണ്ട്. പിന്നീട് കേസിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ സി.എസ്.ഐ ബിഷപ്പ് ധർമരാജ് റസാലം,കോളജ് ഡയറക്ടർ ഡോക്ടർ ബെന്നറ്റ് എബ്രഹാം എന്നിവരെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.നിലവിൽ വിശ്വാസവഞ്ചന, പണം കൈപ്പറ്റി വഞ്ചിക്കൽ, ധന ദുർവിനിയോഗം, അഴിമതി നിരോധന നിയമം തുടങ്ങിയ കേസുകളിലാണ് അന്വേഷണം നടക്കുന്നത്.