കൊച്ചി : സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു സാധ്യത. ഈ മണ്‍സൂണ്‍ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് ഓഗസ്റ്റ് രണ്ടുമുതല്‍ അഞ്ചുവരെ പ്രതീക്ഷിക്കുന്നത്. സംസ്ഥാനമൊട്ടാകെ വ്യാപകമഴ പെയ്യുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഒരു ദിവസം 15 സെന്റീ മീറ്റര്‍വരെയുള്ള അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
ഇത്ര ശക്തമായ മഴ ഈ മണ്‍സൂണില്‍ ഇതുവരെ പെയ്തിട്ടില്ല. മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും(ഫ്ളാഷ് ഫ്ളഡ്) സാധ്യതയേറെ. സീസണില്‍ ഇതുവരെ വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴപെയ്തത്.
മണ്‍സൂണ്‍ കാറ്റ് ശക്തമാകുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദവുമാണ് മഴ കനക്കാന്‍ ഇടയാക്കുന്ന പ്രധാനഘടകങ്ങള്‍. രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം രൂപംകൊള്ളും.
ഇതിന്റെ ദിശ ഒഡീഷ തീരത്തേക്കായിരിക്കും. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ സ്വാധീനം കേരളത്തിലും പ്രകടമായിരിക്കും. ഇത് മണ്‍സൂണ്‍ മഴയുടെ ശക്തി കൂട്ടും.
ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ 26 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1283.5 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 951.7 മില്ലി മീറ്റര്‍ മഴയാണു പെയ്തത്. ശക്തമായ മഴ പെയ്ത കാസര്‍ഗോഡും കണ്ണൂരും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ കുറഞ്ഞു.
കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെലോ, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന്: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അെലര്‍ട്ട്.
നാളെ: കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്.
ഓഗസ്റ്റ് രണ്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അെലര്‍ട്ട്.
ഓഗസ്റ്റ് മൂന്ന്: അടുത്ത മൂന്നിന് 11 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്.