കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിൽ മുഖ്യപ്രതി തടിയൻ്റവിട നസീറടക്കം മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. മുഖ്യപ്രതി തടിയൻറവിട നസീര്‍, എറണാകുളം കുന്നത്തുനാട് പുതുക്കാടന്‍ വീട്ടില്‍ സാബിര്‍ പി. ബുഖാരി, പറവൂര്‍ ചിറ്റാറ്റുകര മാക്കനായി ഭാഗത്ത് താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഓഗസ്റ്റ് ഒന്നിന് വിധിക്കും.
വിചാരണക്ക് മുമ്പ് തന്നെ മൂന്ന് പ്രതികളും തങ്ങൾ കുറ്റം സമ്മതിക്കുന്നതായി അറിയിച്ചതിനെത്തുടർന്നാണ് കോടതി ശിക്ഷ നടപടികളിലേക്ക് നീങ്ങിയത്. ഇതുവരെ ജയിലിൽ കിടന്ന കാലയളവ് പരിഗണിച്ച് ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂവരും കുറ്റം സമ്മതിച്ചതെന്നാണ് സൂചന. നേരത്തേ കുറ്റം സമ്മതിച്ച മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ. അനൂപിനെ കോടതി ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. സൂഫിയ മഅ്ദനി അടക്കമുള്ള പ്രതികളാണ് ഇനി വിചാരണ നേരിടാനുള്ളത്.