ഇടുക്കി: കൊറോണ രോഗലക്ഷണങ്ങളില്ലെന്ന് കണ്ട് നാലംഗ കുടുംബത്തെ പഞ്ചായത്തിൻ്റെ നിരീക്ഷണ ക്യാമ്പിൽ നിന്ന് ഇറക്കി വിട്ടു. എന്നാൽ വീട്ടിനു മുന്നിൽ ഇവരെ തടഞ്ഞ് നാട്ടുകാർ.
ഇടുക്കി ദേവികുളത്താണ് സംഭവം. ദേവികുളം ഗൂഡാർവിള സ്വദേശിയായ സിദ്ധാർത്ഥ് കഴിഞ്ഞ ദിവസമാണ് തിരുപ്പൂരിൽ നിന്ന് നാട്ടിലെത്തിയത്. നോർക്ക വഴി വന്ന സിദ്ധാർത്ഥ് നിരീക്ഷണ ക്യാമ്പിലേക്ക് പോകാതെ നേരെ വീട്ടിലെത്തി. തുടർന്ന് നാട്ടുകാർ പരാതിയുമായി ആരോഗ്യവകുപ്പിനെ സമീപിച്ചു. പിന്നാലെ സിദ്ധാർത്ഥിനെയും കുടുംബത്തെയും പഞ്ചായത്തിൻ്റെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി.
വൈകാതെ രോഗലക്ഷണങ്ങളില്ലെന്ന് അറിയിച്ച് സിദ്ധാർത്ഥിനെയും കുടുംബത്തെയും ക്യാമ്പിൽ നിന്ന് ആംബുലൻസിൽ വീട്ടിലേക്ക് മടക്കി. എന്നാൽ, എസ്റ്റേറ്റ് കവാടത്തിൽ നാട്ടുകാർ കുടുംബത്തെ തടഞ്ഞു. ഇതോടെ ഇവരെ ഇറക്കി ആംബുലൻസ് മടങ്ങി. നിരീക്ഷണ കാലാവധി പൂർത്തിയാക്കാത്തതിനാൽ ഇവരെ വീട്ടിലേക്ക് നാട്ടുകാർ തിരികെ പ്രവേശിപ്പിച്ചില്ല. പെരുവഴിയിലായ കുടുംബത്തെ എംഎൽഎയും ആരോഗ്യവകുപ്പും ഇടപെട്ട് വീണ്ടും ക്യാമ്പിലേക്ക് മാറ്റി. ആറ് മണിക്കൂറോളം കുടുംബം പെരുവഴിയിലിരുന്നു.