നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രതി നടൻ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം നടക്കുന്നതായി അനുബന്ധകുറ്റപത്രത്തിൽ പരാമർശിക്കുന്നു. ഹാക്കർ സായ് ശങ്കറിന്റെ മൊഴിയും ദിലീപിന്റെ അഭിഭാഷകരുടെ മുംബൈയാത്രയും അന്വേഷണ പരിധിയില്‍ വരും. 

ദിലീപിന്റെ അഭിഭാഷകർ ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈൽ ഫോണിലെ ഡേറ്റ മുംബൈയിലെ സ്വകാര്യ ലാബിൽ വച്ച് നശിപ്പിച്ചിരുന്നു. കേസില്‍ നിര്‍ണായകമായ തെളിവുകളാകാം അഭിഭാഷകര്‍ നശിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു എം.പൗലോസ് 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തി 1500 പേജുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. പീഡിപ്പിച്ച ദൃശ്യങ്ങൾ ദിലീപ് ചോർത്തിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇതടക്കമുള്ള പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാൻ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി ആരോപിക്കുന്ന കുറ്റപത്രം, ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടെന്ന സംശയവും പ്രകടമാക്കുന്നു.