വെങ്കയ്യനായിഡുവും യശ്വന്ത് സിന്‍ഹയും രാഷ്ട്രപതി സ്ഥാനാർഥികളായേക്കും

 

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് സൂചന. അഭ്യൂഹങ്ങൾക്കിടെ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് വൈകീട്ട് ചേരുന്നുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പതിന്നാലംഗ സമിതിയുമായും ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ മുന്നോടിയായി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസിലെ പദവികള്‍ ഒഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചിരുന്ന ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവര്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.