ബെംഗളൂരൂ: കർണാടക നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് സീറ്റ് നിഷേധിച്ചത്. ഏഴു സീറ്റുകളിലേക്ക് ജൂൺ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വിജയേന്ദ്രയെ മന്ത്രിസഭയിലേക്കു പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ യെഡിയൂരപ്പ മകന്റെ പേര് നിർദേശിക്കുകയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പെടെയുള്ളവർ പിന്താങ്ങുകയും ചെയ്തതാണ്. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കു മാത്രം ടിക്കറ്റ് എന്ന നിലപാടിൽ കേന്ദ്രനേതൃത്വം ഉറച്ചു നിന്നുവെന്നാണ് സൂചന. യെഡിയൂരപ്പയുടെ മുത്ത മകൻ രാഘവേന്ദ്ര ശിവമൊഗ്ഗയിൽ നിന്നുള്ള എംപിയാണ്. പിതാവ് മുഖ്യമന്ത്രിയായിരിക്കെ വിജയേന്ദ്ര ഭരണം നിയന്ത്രിച്ചതായും ആരോപണമുണ്ടായിരുന്നു.