കോഴിക്കോട്: സൗദി അറേബ്യയില്‍ നിന്നുള്ള 152 പ്രവാസികളുമായി എയർ ഇന്ത്യൻ എക്സ്പ്രസ് വിമാനം കരിപ്പൂരിലെത്തി. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനം പറന്നുയര്‍ന്നത്. 84 ഗര്‍ഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്.
ബോഡി, ലഗേജ്, ചെക്ക് ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയാണ് പ്രവാസികളെ വിമാനത്തില്‍ കയറ്റിയത്. തെര്‍മല്‍ ക്യാമറ സ്കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. 23 ഗർഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. അടിയന്തര ചികിത്സക്കെത്തുന്ന അഞ്ച് പേരും എഴുപത് വയസിനു മുകളിലുള്ള മൂന്നു പേരും സംഘത്തിലുണ്ട്.
യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് – മലപ്പുറം – 48, പാലക്കാട് – 10, കോഴിക്കോട് – 23, വയനാട് – നാല്, ആലപ്പുഴ – മൂന്ന്, എറണാകുളം – അഞ്ച്, ഇടുക്കി – മൂന്ന്, കണ്ണൂര്‍ – 17, കാസര്‍ഗോഡ് – രണ്ട്, കൊല്ലം – ഒമ്പത്, കോട്ടയം – ആറ്, പത്തനംതിട്ട – ഏഴ്, തിരുവനന്തപുരം – രണ്ട്. ഇതിന് പുറമെ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും സംഘത്തിലുൾപ്പെടുന്നു.