കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എംവി ജയരാജന്‍. സെമിനാറില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ കെവി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ അത് ചരിത്രത്തിലാദ്യമാകുമെന്ന് എംവി ജയരാജന്‍ പ്രതികരിച്ചു.
സുധാകരന് നേരത്തെ അടി കിട്ടിയതാണ്. എഐസിസി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന തിരുമണ്ടന്‍ തീരുമാനം സുധാകരനല്ലാതെ മറ്റൊരു മണ്ടന് എടുക്കാന്‍ കഴിയില്ലെന്ന് ജയരാജന്‍ പറഞ്ഞു. കെവി തോമസ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. അതായിരുന്നു തന്റെ ആത്മവിശ്വാസമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവായതിനാലാണ് കെവി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ദേശീയ സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സെക്യുലറിസത്തെ കുറിച്ച് നടക്കുന്ന സെമിനാറില്‍ എങ്ങനെയാണ് നെഹ്‌റുവിന്റെ പാര്‍ട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയുന്നതെന്ന ചോദ്യവും ജയരാജന്‍ ഉയര്‍ത്തി.